ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ അനായാസ ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് പ്രതീക്ഷകള്‍ കാത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതകള്‍ ഏറക്കുറെ അസ്തമിച്ചു. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായിരുന്ന കളിയില്‍ എട്ടു വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
155 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ അപരാജിത സെഞ്ച്വറി കൂട്ടുകെട്ട് ഉജ്ജ്വല വിജയം നേടിക്കൊടുത്തു. 18.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. മനീഷ് പാണ്ഡെ (83*), വിജയ് ശങ്കര്‍ (52*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കിയത്. പാണ്ഡെ 47 പന്തില്‍ നാലു ബൗണ്ടറികളും എട്ടു സിക്‌സറും പറത്തി. ശങ്കര്‍ 51 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 52 റണ്‍സ് നേടിയത്.