അബുദാബി: സീസണിലെ ആദ്യജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം രണ്ടോവർ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത പിന്നിട്ടു. അര്‍ധ സെഞ്ച്വറി (62 പന്തിൽ 70) തികച്ച യുവതാരം ശുബ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. മത്സരത്തില്‍ 2 സിക്‌സും 5 ഫോറും ഗില്‍ കുറിച്ചു. 29 പന്തില്‍ 42 റണ്‍സ് നേടിയ ഇയാന്‍ മോര്‍ഗനാണ് ടീമിലെ മറ്റൊരു ടോപ്‌സ്‌കോറര്‍. ഒരുഘട്ടത്തില്‍ പതറിപ്പോയ കൊല്‍ക്കത്തയെ ഗില്‍ – മോര്‍ഗന്‍ കൂട്ടുകെട്ടാണ് പിടിച്ചുനിര്‍ത്തിയത്.
സുനില്‍ നരെയ്ന്‍ (0), നിതീഷ് റാണ (26), ദിനേശ് കാര്‍ത്തിക് (0) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ത്തന്നെ ടീമിന് നഷ്ടപ്പെടുകയായിരുന്നു. രണ്ടാം ഓവറില്‍ ഖലീല്‍ അഹമ്മദാണ് നരെയ്‌നെ പിടികൂടുന്നത്. ഗില്ലിനൊപ്പം ആക്രമിച്ചു കളിച്ച റാണയെ അഞ്ചാം ഓവറില്‍ നടരാജന്‍ പറഞ്ഞയച്ചു. ശേഷമെത്തിയ ദിനേശ് കാര്‍ത്തിക്കിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ റാഷിദ് ഖാനും വിട്ടില്ല. ഏഴാം ഓവറില്‍ മൂന്നിന് 53 എന്ന നിലയില്‍ തുടരവെയാണ് ഗില്ലിന് കൂട്ടായി മോര്‍ഗനെത്തുന്നത്. ഒരറ്റത്ത് മോര്‍ഗന്‍ അനായാസം റണ്‍സ് കണ്ടെത്താന്‍ തുടങ്ങിയതോടെ ഗില്ലിന് മേലുള്ള സമ്മര്‍ദ്ദം കുറഞ്ഞു. താരം സ്വതന്ത്രമായി ബാറ്റുവീശി.
നേരത്തെ, ടോസ് നേടി ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് 4 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. അർധ സെഞ്ച്വറി പിന്നിട്ട മനീഷ് പാണ്ഡെയാണ് സണ്‍റൈസേഴ്‌സ് നിരയിലെ ടോപ് സ്‌കോറര്‍ (51). 2 സിക്‌സും 3 ഫോറും പാണ്ഡെയുടെ ഇന്നിങ്‌സിലുണ്ട്. കൊല്‍ക്കത്ത നിരയില്‍ പാറ്റ് കമ്മിന്‍സും വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസ്സലും ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.
ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന് തുടക്കമിട്ടത്. പവര്‍പ്ലേ തീരുംമുന്‍പുതന്നെ ബെയര്‍സ്റ്റോയെ ഹൈദരാബാദിന് നഷ്ടപ്പെട്ടു. പാറ്റ് കമ്മിന്‍സിന് മുന്‍പില്‍ സ്റ്റംപ് മൂന്നും തുറന്നുകാണിച്ച ബെയര്‍സ്റ്റോയ്ക്ക് നാലാം ഓവറില്‍ മടങ്ങേണ്ടിവന്നു. 10 പന്തില്‍ 5 റണ്‍സ് മാത്രമാണ് താരം സ്‌കോര്‍ബോര്‍ഡില്‍ സംഭാവന ചെയ്തത്. ശേഷം കരുതലോടെയായിരുന്നു സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ്. 6 ആം ഓവറില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ടീം സ്‌കോര്‍ 40 തൊട്ടു.
10 ആം ഓവറിലാണ് വാര്‍ണറെ ഹൈദരാബാദിന് നഷ്ടപ്പെടുന്നത്. സീസണിലെ ആദ്യ മത്സരത്തിലെ ആദ്യ പന്തില്‍ വരുണ്‍ ചക്രവര്‍ത്തി വെടിക്കെട്ടുവീരനായ വാര്‍ണറെ പുറത്താക്കി. ചക്രവര്‍ത്തിയുടെ ക്യാരം പന്ത് തിരിച്ചറിയാന്‍ വാര്‍ണര്‍ക്ക് സാധിച്ചില്ല. 30 പന്തില്‍ 36 റണ്‍സാണ് ഹൈദരാബാദ് നായകന്‍ നേടിയത്. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച മനീഷ് പാണ്ഡെ – വൃധിമാന്‍ സാഹ കൂട്ടുകെട്ട് റണ്‍സടിക്കാന്‍ തിടുക്കംകാട്ടിയില്ല. 15 ആം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 99 റണ്‍സ് കണ്ടു.
16 ആം ഓവർ മുതലാണ് ആക്രമണ ഉദ്ദേശ്യം ഹൈദരാബാദ് പ്രകടമാക്കിയത്. വരുൺ ചക്രവർത്തിയുടെ 16 ആം ഓവറിൽ ഇരുവരും ചേർന്ന് 11 റൺസ് അടിച്ചെടുത്തു. പാറ്റ് കമ്മിൻസ് എറിഞ്ഞ 17 ആം ഓവറിൽ മനീഷ് പാണ്ഡെ ഐപിഎൽ കരിയറിൽ മറ്റൊരു അർധശതകം കൂടി എഴുതിച്ചേർത്തു. 18 ആം ഓവറിലാണ് ആന്ദ്രെ റസ്സലിന് ദിനേശ് കാർത്തിക് പന്തുകൊടുത്തത്. റൺസധികം വിട്ടുകൊടുക്കാതെ ഓവർ പൂർത്തിയാക്കാൻ റസ്സലിനായി. ഒപ്പം അപകടകാരിയായ മനീഷ് പാണ്ഡയെയും ഇദ്ദേഹം പുറത്താക്കി.
വീണുകിട്ടിയ ഫുൾടോസ് അവസരം കൃത്യമായി വിനിയോഗിക്കാൻ പാണ്ഡെയ്ക്ക് കഴിഞ്ഞില്ല. റസ്സലിനെ പ്രതിരോധിക്കാനുള്ള ശ്രമം ക്യാച്ചിൽ കലാശിച്ചു. 38 പന്തിൽ 51 റൺസാണ് മനീഷ് പാണ്ഡെ കുറിച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ഹൈദരാബാദ് ശ്രമിച്ചെങ്കിലും സ്കോർബോർഡിൽ 142 റൺസ് ചേർക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.