33 റണ്‍സിനിടെ എട്ടു വിക്കറ്റ്: ജയിച്ച കളി കൈവിട്ട് ഹൈദരാബാദ്; ആര്‍സിബിക്കു നാടകീയ വിജയം

ദുബായ്: ഐപിഎല്ലിലെ മൂന്നാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 റണ്‍സിന്റെ നാടകീയ വിജയം. അനായാസം ജയത്തിലേക്കു നീങ്ങിയ ഹൈദരാബാദിന് നേരിട്ട കൂട്ടത്തകര്‍ച്ചയാണ് ആര്‍സിബിക്കു അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും (56) എബി ഡിവില്ലിയേഴ്‌സിന്റെയും (51) ഫിഫ്റ്റികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ചു വിക്കറ്റിനു 163 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഹൈദരാബാദ് രണ്ടു പന്ത് ശേഷിക്കെ 153ന് പുറത്തായി.

 

രണ്ടിന് 120 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ഹൈദരാബാദ് 153ന് കൂടാരം കയറിയത്. 33 റണ്‍സിനിടെ എട്ടു വിക്കറ്റുകളാണ് അവര്‍ക്കു നഷ്ടമായത്. യുസ്വേന്ദ്ര ചഹലിന്റെ ഒരോവറില്‍ അടുത്തടുത്ത പന്തുകളില്‍ രണ്ടു വിക്കറ്റുകള്‍ വീണപ്പോള്‍ ശിവം ദുബെയുടെ അടുത്ത ഓവറിലും ഹൈദരാബാദ് രണ്ടു വിക്കറ്റുകള്‍ കൈവിട്ടു. നാലോവറില്‍ 18 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത ചഹലാണ് ആര്‍സിബിയുടെ ഹീറോ. രണ്ടു വിക്കറ്റ് വീതമെടുത്ത നവദീപ് സെയ്‌നിയും ശിവം ദുബെയും മികച്ച പിന്തുണ നല്‍കി.

 

സ്‌കോര്‍ 121ല്‍ വച്ച് ടീമിന്റെ ടോപ്‌സ്‌കോററായ ജോണി ബെയര്‍സ്‌റ്റോയെ (61) ചഹല്‍ ബൗള്‍ഡാക്കിയതാണ് കളിയിലെ ടേണിങ് പോയിന്റ്. തൊട്ടടുത്ത പന്തില്‍ പുതായി ക്രീസിലെത്തിയ വിജയ് ശങ്കറിനെയും ചഹല്‍ ബൗള്‍ഡാക്കി. ഇതോടെ ഹൈദരാബാദ് പതറി. അടുത്ത ഓവറില്‍ ദുബെയുടെ ബൗളിങില്‍ പ്രിയം ഗാര്‍ഗ് നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായപ്പോള്‍ ഇതേ ഓവറില്‍ റണ്ണിനായി ഓടവെ കൂട്ടിയിടിച്ച് റാഷിദ് ഖാനും അഭിഷേക് യാദവും വീണപ്പോള്‍ അഭിഷേകിനെ ആര്‍സിബി റണ്ണൗട്ടാക്കുകയും ചെയ്തു. രണ്ടിന് 120 എന്ന സ്‌കോറില്‍ നിന്നും ഇതോടെ ഹൈദരബാദ് ആറിന് 135 റണ്‍സെന്ന നിലയിലേക്കു വീണു. പിന്നീട് ഹൈദരാബാദിനൊരു മടങ്ങിവരവുണ്ടായില്ല. നവദീപ് സെയ്‌നിയുടെ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ കൂടി വീണതോടെ ആര്‍സിബിയുടെ വിജയമുറപ്പായി. ബെയര്‍‌സ്റ്റോയെക്കൂടാതെ മനീഷ് പാണ്ഡെ (34), പ്രിയം ഗാര്‍ഗ് (12) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ.

 

നേരത്തേ അരങ്ങേറ്റക്കാരനും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലും എബി ഡിവില്ലിയേഴ്‌സും ഫിഫ്റ്റികളുമായി കസറിയതോടെയാണ് ആര്‍സിബി അഞ്ചു വിക്കറ്റിന് 163 റണ്‍സെടുത്തത്. 42 പന്തില്‍ നിന്നും എട്ടു ബൗണ്ടറികളോടെ 56 റണ്‍സെടുത്ത ഇടംകൈയന്‍ ബാറ്റസ്മാന്‍ കൂടിയായ ദേവ്ദത്താണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. എബിഡി 30 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 51 റണ്‍സ് സംഭാവന ചെയ്തു. ആരോണ്‍ ഫിഞ്ചാണ് (29) മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോലിക്കു 14 റണ്‍സ് മാത്രമേ നേടാനായുള്ളൂ ശിവം ദുബെ ഏഴു റണ്‍സിന് പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരന്‍ ജോഷ് ഫിലിപ്പ് ഒരു റണ്ണുമായി പുറത്താവാതെ നിന്നു. ഹൈദരാബാദിനു വേണ്ടി ടി നടരാജന്‍, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടത്തു.