ബ്ലാക്ക്‌വുഡിന് 95 റണ്‍സ്; സതാംപ്റ്റണില്‍ വിന്‍ഡീസിന് നാല് വിക്കറ്റ് വിജയം

സതാംപ്റ്റൺ: കോവിഡ് കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ വെസ്റ്റിൻഡീസിന് ആവേശ വിജയം. ടെസ്റ്റിന്റെ അവസാന ദിവസം 200 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിൻഡീസ് ആറു വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. 154 പന്തിൽ 95 റൺസെടുത്ത ജെർമെയ്ൻ ബ്ലാക്ക്വുഡിന്റെ പ്രകടനമാണ് സന്ദർശകരുടെ ഇന്നിങ്സിൽ നിർണായകമായത്. 27 റൺസെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ശേഷം വിൻഡീസ് തിരിച്ചുവരികയായിരുന്നു. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ വെസ്റ്റിൻഡീസ് 1-0ത്തിന് മുന്നിലെത്തി.

നേരത്തെ രണ്ടാമിന്നിങ്സിൽ ഇംഗ്ലണ്ട് 313 റൺസ് നേടിയിരുന്നു. എന്നാൽ ആദ്യ ഇന്നിങ്സിലെ 114 റൺസ് ലീഡിന്റെ പിൻബലത്തിൽ വിൻഡീസിന് മുന്നിലുള്ള വിജയലക്ഷ്യം 200 റൺസായി ചുരുങ്ങി. അർധ സെഞ്ചുറി നേടിയ ഓപ്പണർ ഡോം സിബ്ലി, സാക് ക്രാവ്ലി എന്നിവരുടെ ബാറ്റിങ് മികവാണ് രണ്ടാമിന്നിങ്സിൽ ഇംഗ്ലണ്ടിന്റെ സ്കോർ 300 കടത്തിയത്. 42 റൺസോടെ റോറി ബേൺസും 46 റൺസുമായി ബെൻ സ്റ്റോക്ക്സും ഇരുവർക്കും പിന്തുണ നൽകി. 50 റൺസെടുത്ത സിബ്ലി ഓപ്പണിങ് വിക്കറ്റിൽ ബേൺസുമായി ചേർന്ന് 72 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 127 പന്തിൽ 76 റൺസാണ് ക്രാവ്ലി അടിച്ചെടുത്തത്. വാലറ്റത്ത് ജോഫ്ര ആർച്ചർ നേടിയ 23 റൺസും ഇംഗ്ലണ്ടിന്റെ ഇന്നിങ്സിൽ നിർണായകമായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ നിറം മങ്ങിയിരുന്നു. ആറു വിക്കറ്റെടുത്ത ജേസൺ ഹോൾഡറുടേയും നാല് വിക്കറ്റെടുത്ത ഷാനോൺ ഗബ്രിയേലിന്റേയും ബൗളിങ് മികവിൽ ഇംഗ്ലണ്ട് 204 റൺസിലൊതുങ്ങി. 43 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്കിനല്ലാതെ മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ല.

മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 65 റൺസെടുത്ത ഓപ്പണർ ക്രെയ്ഗ് ബ്രാത്വെയ്റ്റും 61 റൺസ് നേടിയ ഷെയ്ൻ ഡോവ്റിച്ചും വെസ്റ്റിൻഡീസിന്റെ സ്കോർ 318-ലെത്തിച്ചു. 47 റൺസോടെ റോസ്റ്റൺ ചെയ്സ് ഇരുവർക്കും പിന്തുണ നൽകി. ഇതോടെ വെസ്റ്റിൻഡീസിന് 114 റൺസ് ലീഡും ലഭിച്ചു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്ക്സ് നാല് വിക്കറ്റുമായി തിളങ്ങിയപ്പോൾ ജെയിംസ് ആൻഡേഴ്സൺ മൂന്നും ഡോം ബെസ് രണ്ടും വിക്കറ്റെടുത്തു. മാർക്ക് വുഡിനാണ് ഒരു വിക്കറ്റ്.

Leave a Reply

Your email address will not be published. Required fields are marked *