ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിച്ചേക്കും

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കാൻ സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയാ പരസ്യങ്ങളിലൂടെ വിദേശ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇത്തവണ ആരുടേയും ഭാഗത്ത് നിന്നും അത്തരം ഒരു ഇടപടലുണ്ടാകാതിരിക്കാനും പക്ഷപാതിത്വം കാണിച്ചുവെന്ന പരാതി ഉയരാതിരിക്കാനും രാഷ്ട്രീയ പരസ്യങ്ങൾ പൂർണമായും നിരോധിക്കാനുള്ള ആലോചനകൾ ഫെയ്സ്ബുക്കിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വോട്ടെടുപ്പിന് തയ്യാറെടുക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ചർച്ച നടക്കുന്നത്. എന്നാൽ അത് രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് തടസമാവുമോ എന്നും വാർത്തകളോടും പ്രചരിക്കുന്ന വിവരങ്ങളോടും യഥാസമയം പ്രതികരിക്കാൻ സ്ഥാനാർത്ഥികൾക്ക് സാധിക്കാതെ വരുമോ എന്നുമുള്ള ആശങ്കകൾ ഉയരുന്നുണ്ട്.

രാഷ്ട്രീയക്കാരിൽ നിന്നുള്ള പരസ്യങ്ങളുടെയും അവരുടെ പ്രചാരണങ്ങളുടേയും വസ്തുത ഫെയ്സ്ബുക്ക് പരിശോധിക്കാറില്ല. അമേരിക്കയിലെ പല ജനപ്രതിനിധികളും ഇതിനെതിരാണ്. ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങൾ നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിക്കാനാകുമെന്ന് ഇവർ പറയുന്നു.