‘ചേച്ചിക്ക്’ എല്ലാമറിയാമെന്ന് സരിത്; തിരുവല്ലത്തുള്ള വീട്ടില്‍ എന്‍ ഐ എയുടെ പരിശോധന

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. നിര്‍ണായക വിവരങ്ങള്‍ സരിത്തില്‍ നിന്നും ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം അയക്കുന്നത് ആര്, എവിടേക്ക് പോകുന്നു തുടങ്ങിയ കാര്യങ്ങള്‍ സ്വപ്‌നക്കാണ് അറിയാവുന്നതെന്ന് സരിത് മൊഴി നല്‍കി.

ചേച്ചിയെന്നും മാഡമെന്നുമാണ് സരിത് സ്വപ്നയെ സംബോധന ചെയ്തത്. തനിക്ക് റമീസിനെ കുറിച്ച് മാത്രമാണ് അറിയാവുന്നതെന്നും സരിത് കസ്റ്റംസിനോട് പറഞ്ഞു. റമീസും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് രാവിലെയാണ് മലപ്പുറം സ്വദേശിയായ റമീസിനെ പിടികൂടിയത്. സ്വര്‍ണക്കടത്ത് സംഘത്തിലെ നിര്‍ണായക കണ്ണിയാണ് ഇയാളെന്നാണ് വിവരം

തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടില്‍ എന്‍ ഐ എ സംഘം പരിശോധന നടത്തി. പ്രാഥമിക വിവരശേഖരമാണ് നടത്തിയത്. അയല്‍വാസികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സരിത്തിന്റെ വീട്ടില്‍ എന്‍ ഐ എ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.