സ്വർണ്ണക്കടത്ത് ; ഒളിവിൽ പോയ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പിടിയിലായി. ബംഗളൂരുവില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. കുടുംബത്തോടൊപ്പമാണ് സ്വപ്നയെ എന്‍ ഐ എ സംഘം കസ്റ്റഡിയിലെടുത്തത്. സ്വപ്നയെ നാളെ കൊച്ചിയില്‍ എത്തിക്കും. കൂട്ടുപ്രതിയായ സന്ദീപും കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇതില്‍ സ്ഥിരീകരണമായിട്ടില്ല

സ്വര്‍ണക്കടത്ത് കേസ് പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കാണ് സ്വപ്‌ന എത്തിയത്. ഇവിടെ നിന്നാണ് ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌ന ഇന്നലെ ഉച്ചയോടെയാണ് സ്വപ്‌ന ബംഗളൂരുവില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ബംഗളൂരുവില്‍ നിന്ന് ഇവര്‍ ആരെയോ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു. ഇതാണ് ഇവരെ പിടികൂടാന്‍ സഹായകരമായത്. സ്വപ്‌നയെയും സന്ദീപിനെയും നാളെ കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലെത്തിക്കും. ഇരുവരും പിടിയിലായതോടെ സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് എന്‍ ഐ എ സംഘത്തിനുള്ളത്‌