സുൽത്താൻ ബത്തേരി : അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വയനാട് അതിർത്തിയായ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നുവരുന്ന ആളുകൾ നേരെ ക്വാറന്റൈയിനിൽ പ്രവേശിക്കുന്നതിന് മുമ്പ് അതിർത്തി പട്ടണങ്ങളിലൂടെ കറങ്ങി നടക്കുന്നതായി അറിയുന്നു. അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ ഏത് ജില്ലയിലേക്കാണോ പോകേണ്ടത് അവിടേക്ക് നേരെ പോയി ക്വാറന്റൈയിനിൽ കഴിയണം വഴിക്ക് എവിടെയും നിർത്താൻ പാടില്ല. എന്നാൽ ഇന്ന് മുത്തങ്ങവഴി വരുകയും പോലീസ് സ്റ്റിക്കർ പതിക്കുകയും ചെയ്ത ഒരു വാഹനത്തിലുള്ളവരാണ് നായ്‌ക്കെട്ടിയലെ കടകളിൽ കയറിയിറങ്ങിയത്. ബീനാച്ചിയിലെ ഒരു ഹോട്ടലിലും കയറി കണ്ണൂരിൽ ക്വാറന്റൈനിൽ കഴിയേണ്ട ഒരു കാറിലെ യാത്രക്കാർ ഭക്ഷണം കഴിക്കുകയുണ്ടായി. സ്റ്റിക്കർ പതിച്ച കാർ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആളുകൾ പ്രശ്‌നമാക്കിയതോടെ വാഹനമെടുത്തുപോവുകയായിരുന്നു.
പാസിന്റെ ആവശ്യമില്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് അവർക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്ന വിത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കർ പതിപ്പിക്കുന്നത്. ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനക്ക് ശേഷമാണ് സ്റ്റിക്കർ പതിപ്പിക്കുക. വയനാട്ടിലേക്കുള്ള യാത്രക്കാർ സർക്കാർ കൊറന്റൈയിൻസെന്ററിലേക്കോ ഹോം ക്വറന്റൈയിൻ സെന്ററിലേക്കോ പോകണം മറ്റ് ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാരും ജില്ലയിൽ എവിടെയും വാഹനം നിർത്താതെ അതാത് ജില്ലകളിലെ ക്വാറന്റൈയിനിൽ പ്രവേശിക്കണം . എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ആളുകൾ വാഹനം നിർത്തി യഥേഷ്ടം കടകളിൽ കയറിയിറങ്ങുന്നത്.
അതിർത്തിയോട് ചേർന്ന് കിടക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടണമാണ് സുൽത്താൻ ബത്തേരി. സ്റ്റിക്കർ പതിച്ച വാഹനങ്ങൾ ബത്തേരി വഴിയാണ് ജില്ലക്കകത്തും ജില്ലക്ക് പുറത്തേക്കും പോകുന്നത്. അന്തർ സംസ്ഥാനത്ത് നിന്ന് വാഹനങ്ങളിൽ വരുന്നവർ കൊവിഡ് 19 നിബന്ധനകൾ പാലിക്കാതെ ടൗണുകളിലൂടെ കറങ്ങി നടക്കുന്നു.ഇതിന് തെളിവാണ് കഴിഞ്ഞ രണ്ടിന് കോയമ്പത്തൂരിൽ നിന്ന് വന്ന ട്രക്ക് ഡ്രൈവർ ഒരു ഹോട്ടലിലും മൊബൈൽ ഷോപ്പിലും കയറിയിറങ്ങിയശേഷം ക്വാറന്റൈയിനിൽ പ്രവേശിച്ചത്. പിന്നീട് ഇയാൾക്ക് രോഗം സ്ഥിരികരിക്കുകയും ചെയ്തിരുന്നു.
The Best Online Portal in Malayalam