കൊവിഡ് നിയന്ത്രണവിധേയം; ചൈനയില്‍ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു

ബെയ്ജിങ്: കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ചൈനയില്‍ അടുത്തയാഴ്ചയോടെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനുള്ള നടപടികള്‍ തുടങ്ങി. കൊവിഡ് വൈറസ് വ്യാപനമുണ്ടാവാതിരിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്നാണ് റിപോര്‍ട്ടുകള്‍.

ഒമ്പത് പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഈ ഒമ്പതുപേരും പുറത്തുനിന്ന് വന്നവരുമാണ്. 288 കൊവിഡ് രോഗികള്‍ മാത്രമാണ് നിലവില്‍ ചൈനയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 361 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചൈനയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്.

കോളജുകളിലെ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാവുമെന്നാണ് റിപോര്‍ട്ട്. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 600,000 പേര്‍ക്ക് പരീക്ഷകള്‍ നടത്താനും ബെയ്ജിങ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രധാന നഗരമായ വുഹാനില്‍ 85,013 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 4,634 പേര്‍ മരണപ്പെടുകയും ചെയ്തു.