റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് പോളണ്ട്

 

യുക്രൈനെതിരെ യുദ്ധം നടത്തുന്ന റഷ്യക്കെതിരെ പ്രതിഷേധം കനക്കുന്നു. യൂറോപ്യൻ യൂണിയൻ്റെ ഉപരോധം ഉൾപ്പെടെ ലോകം ഒറ്റക്കെട്ടായി റഷ്യയെ പ്രതിരോധിക്കുകയാണ്. കായികമേഖലയും റഷ്യക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തി. റഷ്യയിലെ സെൻ്റ് പീറ്റേഴ്സ് ബഗ്രിൽ നടത്താനിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഫ്രാൻസിലെ പാരിസിലേക്ക് മാറ്റിയിരുന്നു. പിന്നാലെ റഷ്യൻ ഗ്രാൻപ്രീ റദ്ദാക്കിയെന്ന് ഫോർമുല വൺ അധികൃതർ അറിയിക്കുകയും ചെയ്തു. ഇപ്പോൾ റഷ്യക്കെതിരായ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ ഇല്ലെന്ന് പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിരിക്കുകയാണ്.

മാർച്ച് 24ന് റഷ്യയിലെ മോസ്കോയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് പോരാട്ടം കളിക്കാനില്ലെന്നാണ് പോളണ്ട് അറിയിച്ചിരിക്കുന്നത്. വിവരം പോളിഷ് ഫുട്‌ബോൾ അസോസിയേഷൻ തന്നെ വ്യക്തമാക്കി. യുക്രൈനെതിരെ റഷ്യ ആക്രമണം നടത്തുന്നതിനാൽ, റഷ്യക്കെതിരായ പ്ലേ ഓഫ് മത്സരം കളിക്കാൻ പോളിഷ് ദേശീയ ടീം ഉദ്ദേശിക്കുന്നില്ല എന്ന് പോളിഷ് എഫ്എ തലവൻ സെസരി കുലേസ പറഞ്ഞു. ഇതാണ് ശരിയായ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

പോളണ്ടിൻ്റെ സൂപ്പർ താരവും ക്യാപ്റ്റനുമായ റോബർട്ട് ലെവൻഡോവ്സ്കി പോളിഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇതാണ് ശരിയായ തീരുമാനമെന്നും ഒന്നും സംഭവിക്കാത്തതു പോലെ നടിക്കാൻ കഴിയില്ലെന്നും ലെവൻഡോവ്സ്കി ട്വീറ്റ് ചെയ്തു.