മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാം; വിലക്ക് നീക്കി ഹൈക്കോടതി

 

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. തൽസ്ഥിതി തുടരാനുള്ള വിലക്കാണ് നീങ്ങിയത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാൻ സർക്കാർ പുറപ്പെടുവിച്ച ഓർഡിൻസിൻ്റെ ഭരണഘാടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയും ചില പ്രാഥമിക സഹകരണ സംഘങ്ങളും സമർപ്പിച്ച അപ്പീലുകൾ ജസ്റ്റീസുമാരായ അലക്സാണ്ടർ തോമസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. തൽസ്ഥിതി തുടരാനായിരുന്നു ഡിവിഷൻ ബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നത്. സംസ്ഥാന നിയമസഭ ഓർഡിനൻസിന് പകരം നിയമം പാസാക്കിയ സാഹചര്യത്തിൽ നിയമത്തിന്‍റെ ഭരണാടനാ സാധുത ചോദ്യം ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് നടപടി.