ടി20 ലോകകപ്പ്: ഇന്ത്യയുടെ ഭാവി ഇന്നറിയാം; അഫ്ഗാൻ-ന്യൂസിലാൻഡ് മത്സരം അബൂദാബിയിൽ

 

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ നേരിടും. ഉച്ചയ്ക്ക് 3.30ന് അബൂദാബിയിലാണ് മത്സരം. ഇന്ത്യയുടെ സെമി സാധ്യതകളെ നിർണയിക്കുന്നതാണ് മത്സരഫലം. അഫ്ഗാനിസ്ഥാൻ ജയിച്ചാൽ ഇന്ത്യക്ക് സെമി പ്രതീക്ഷ സജീവമായി മുന്നോട്ടുപോകാം. മറിച്ച് ന്യൂസിലാൻഡാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും

അതേസമയം അഫ്ഗാനെതിരായ മത്സരം ജയിച്ച് സെമി ഉറപ്പിക്കാനാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. ഗ്രൂപ്പിൽ നിന്ന് പാക്കിസ്ഥാൻ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. രണ്ടാം സ്ഥാനക്കാരെ നിർണയിക്കുന്നത് ഇന്ന് നടക്കുന്ന മത്സരമാണ്.

വമ്പൻ ടീമുകളെ അട്ടിമറിക്കാൻ ശേഷിയുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ. സ്പിന്നർമാരാണ് അവരുടെ കരുത്ത്. ഇതു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷയും. വലിയ മാർജിനിലാണ് ജയിക്കുന്നതെങ്കിൽ അഫ്ഗാനും സെമി സാധ്യത നിലനിർത്താം.