ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങും. വൈകുന്നേരം ഏഴരയ്ക്ക് ദുബൈയിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് മുന്നോട്ടുള്ള യാത്ര സുഗമമാകൂ. പരാജയപ്പെട്ടാൽ സെമി കാണാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരും
ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്. ഭുവനേശ്വർ കുമാറിന് പകരം ഷാർദൂൽ ഠാക്കൂർ ടീമിലെത്തും. ഹാർദിക് പാണ്ഡ്യ ടീമിൽ തുടരും. ബാറ്റിംഗ് ലൈനപ്പിൽ കാര്യമായ മാറ്റത്തിന് ഇന്ത്യ തയ്യാറായേക്കില്ല
മറുവശത്ത് ന്യൂസിലാൻഡിനും ഇന്ന് മരണപോരാട്ടമാണ്. ആദ്യ കളി പരാജയപ്പെട്ടതിനാൽ ന്യൂസിലാൻഡിനും ഇന്ന് ജയം അനിവാര്യമാണ്. ബൗളിംഗ് തന്നെയാണ് കിവികളുടെ കരുത്ത്. പരുക്ക് മാറി മാർട്ടിൻ ഗപ്റ്റിൽ ടീമിലെത്തിയത് ന്യൂസിലാൻഡിന്റെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. ടോസും മത്സരത്തിൽ നിർണായകമാകും.