മുല്ലപ്പെരിയാർ: മരം മുറിക്ക് അനുമതി നൽകിയ പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ; താനറിഞ്ഞില്ലെന്ന് വനം മന്ത്രി

 

മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ വെട്ടിനീക്കാൻ തമിഴ്‌നാടിന് അനുമതി നൽകി കേരളം. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കത്തയച്ചു.

ബേബി ഡാമിന് കീഴിലുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം അനുമതി നൽകിയത്. തീരുമാനം കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ശക്തമാകാൻ സഹായിക്കുമെന്ന് സ്റ്റാലിൻ കത്തിൽ പറയുന്നു. ബേബി ഡാം ബലപ്പെടുത്താൻ ഇതിന് താഴെയുള്ള മരങ്ങൾ വെട്ടേണ്ടതുണ്ടെന്ന് തമിഴ്‌നാട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

അതേസമയം സംഭവം വിവാദമാകുകയാണ്. താൻ അറിയാതെയാണ് ചീഫ് ലൈഫ് വാർഡൻ മരം മുറിക്കാൻ അനുമതി നൽകിയതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സംഭവമറിഞ്ഞില്ലെന്ന് ജലവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു. ഇത് കൊടും ചതിയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ബേബി ഡാം ബലപ്പെടുത്തിയാൽ മുലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയിലേക്ക് എത്തിക്കാമെന്ന് കഴിഞ്ഞ ദിവസം ഡാം സന്ദർശിച്ച തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ പറഞ്ഞിരുന്നു. ഇതിനായി കേരളത്തിന് മുന്നിൽ ആവശ്യം അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അനുമതി നൽകിയത്. വണ്ടിപ്പെരിയാറിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും തമിഴ്‌നാട് ആവശ്യമുന്നയിച്ചിട്ടുണ്ട്‌