മുല്ലപ്പെരിയാർ; മുന്നൊരുക്കങ്ങള്‍ പൂർത്തിയായെന്ന് മന്ത്രി: 20 ക്യാമ്പുകള്‍ സജ്ജം

 

മുല്ലപ്പെരിയാർ തുറന്നുവിടുന്ന സാഹചര്യം നേരിടാന്‍ കേരളം തയ്യാറാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഇടുക്കി ആര്‍ഡിഒ എന്നിവരെ മേഖലയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഹസില്‍ദാറും വില്ലേജ് ഓഫീസറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിഐര്‍എഫ് സംഘങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

ജനങ്ങളെ ബാധിക്കുന്ന യാതൊരു സാഹചര്യവും ഇല്ല. ഡാമില്‍ നിന്ന് ജലം ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടായാല്‍ പെരിയാര്‍ തീരത്തുള്ള ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ സുരക്ഷാ ക്രമീകരവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും, ആര്‍ക്കെല്ലാമാണ് ചുമതല എന്നിവ സംബന്ധിച്ച് ഇന്നലെ നടന്ന യോഗത്തില്‍ റവന്യൂ വകുപ്പിന് കര്‍ശന നിയന്ത്രണങ്ങളാണ് റവന്യൂ മന്ത്രി നല്‍കിയിരിക്കുന്നത്.

ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് എടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അങ്ങനെ മാറേണ്ടതില്ലെങ്കിലും അവര്‍ ഒഴുക്കിവിടുന്ന ജലത്തിന്റെ അളവും ഉയരുന്ന ജലനിരപ്പും അനുസരിച്ച് ഒഴിപ്പിക്കേണ്ട എല്ലാ സാജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 23 കിലോമീറ്ററോളം ഇടുക്കി അണക്കെട്ടിലേക്ക് ജലം ഒഴുകിയെത്തുമ്പോള്‍ മാറ്റിപാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്കായി 20 ലധികം ക്യാമ്പുകള്‍ സജ്ജമാണ്. പ്രായം കൂടിയവര്‍, രോഗാതുരരായിട്ടുള്ളവര്‍ എന്നിവര്‍ക്കുവേണ്ടി പ്രത്യേക കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡം അനുസരിച്ച് ആളുകളെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാറ്റി പാര്‍പ്പിക്കലിന് ആവശ്യമായ വാഹന സൗകര്യവും ജെസിബി അടക്കമുള്ള സാമഗ്രികളും തയ്യാറാണ്. അവസാന ഘട്ട യോഗത്തിനായി റവന്യൂ, ജലവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും മുല്ലപ്പെരിയാറില്‍ എത്തിച്ചേരുമെന്നും മന്ത്രി അറിയിച്ചു.

ജലനിരപ്പ് 138 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തെ കേരളം മേല്‍നോട്ട സമിതിക്ക് മുന്നില്‍ എതിര്‍ത്തു. തമിഴ്‌നാടിന്റെ റൂള്‍ കര്‍വ് അംഗീകരിക്കാനാകില്ലെന്നും 137 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം പറയുമ്പോള്‍ കേരളത്തിന്റെ ആശങ്ക കോടതിയുടെ നിർദേശ പ്രകാരം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.