പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജമാണ്. വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റ് വകുപ്പുകളുമായും ആലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. ഇതിന് ശേഷം ടൈംടേബിൾ നിശ്ചയിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകൾ അണുനശീകരണം നടത്തും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്ക വേണ്ട. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.