പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താം; സുപ്രീം കോടതിയുടെ അനുമതി

 

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ സുപ്രീം കോടതിയുടെ അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താമെന്ന സർക്കാരിന്റെ ഉറപ്പ് മുഖവിലക്കെടുത്താണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് മൂന്നാം തരംഗത്തിന്റെ സാധ്യത ഉടനില്ലെന്നും കോടതി വ്യക്തമാക്കി

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നീറ്റ് പരീക്ഷയും സാങ്കേതിക സർവകലാശാലയും ഓഫ് ലൈനായി പരീക്ഷ നടത്തിയതും ഒരു ലക്ഷത്തോളം പേർ പരീക്ഷ എഴുതിയതും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല

സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണയത്തിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിൽ മാർക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ പ്രവേശന യോഗ്യത കണക്കാക്കാൻ പ്ലസ് വൺ പരീക്ഷാ മാർക്ക് പ്ലസ് ടു മാർക്കിനൊപ്പം കൂട്ടുമെന്നും സർക്കാർ അറിയിച്ചു.  കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ വിജയിക്കണമെങ്കിൽ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. ഓഫ് ലൈനായി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർഥികൾക്ക് നികത്താനാകാത്ത നഷ്ടമുണ്ടാകുമെന്നും സംസ്ഥാനം അറിയിച്ചു.