ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.സംസ്ഥാനത്തിന്റെ ആശങ്ക മേല്‍നോട്ട സമിതി പരിഗണിച്ചില്ലെന്ന് കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ പ്രകാശ് ആണ് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഒക്ടോബര്‍ 30 വരെ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയര്‍ത്താമെന്നാണ് തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്ന് കേരളം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാം 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ്. അണക്കെട്ടില്‍ ഒരു കാരണവശാലും ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തുന്നത് സ്വീകാര്യമല്ല. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അഞ്ചു ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. ആ ആശങ്ക സുപ്രീംകോടതിയും മേല്‍നോട്ട സമിതിയും പരിഗണിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം തയ്യാറാക്കിയ റൂള്‍ കര്‍വിന്റെ അടിസ്ഥാനത്തില്‍ ജലനിരപ്പ് ക്രമീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാര്‍ കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍, മേല്‍നോട്ട സമിതി റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തോട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.