മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
”കേന്ദ്ര വാട്ടര്‍ റിസോര്‍സ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ലെ സുപ്രീം കോടതി പരാമര്‍ശം പ്രകാരം 139.5 അടിയില്‍ കൂടാന്‍ പാടില്ലെന്ന് പരാമര്‍ശമുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടു. ഇന്‍ഫ്‌ളോയുടെ അളവില്‍ നിലവില്‍ ആശങ്കപ്പെടേണ്ട. ഇതിലും കൂടുതല്‍ ജലം ഒഴുക്കി വിട്ട കാലമായിരുന്നു 2018ലേത്. അന്ന് പോലും മുല്ലപ്പെരിയറില്‍ നിന്ന് ഒഴുകി വന്ന വെള്ളം മൂലം ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല.” മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി കലക്ടര്‍മാരും ആര്‍ഡിഓയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. തുറക്കേണ്ടി വന്നാല്‍ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പില്‍ മാറ്റാമില്ലെങ്കില്‍ ആശങ്കപെടേണ്ട കാര്യമില്ല.മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിനാകും ആവശ്യമെങ്കില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. പെരിയാറിലെ ജലനിരപ്പ് കണക്കിലെടുത്താകും ഇതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതോടെ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി. മഴ കനത്തതും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കും. 140 അടിയിലേക്കെത്തിയാലാണ് ആദ്യത്തെ മുന്നറിയിപ്പ് കേരളത്തിന് നല്‍കുക. 141 അടിയായാല്‍ രണ്ടാമത്തെയും 142 അടിയായാല്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. 142 അടിയിലേക്ക് വെള്ളമെത്തിയാല്‍ ഇടുക്കി ഡാമിലേക്കാണ് ജലമെത്തുക.