ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും; അമിത് ഷാ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ ജമ്മു കാശ്മീരിൽ പറഞ്ഞു. അതിർത്തി നിർണ്ണയം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

2019 ഒക്ടോബർ 31നാണ് ജമ്മു കാശ്മീർ ലഡാക്ക്, ജമ്മു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്നാണ് ജമ്മു കശ്മീരിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ശ്രീനഗർ-ഷാർജ ആദ്യ വിമാന സർവീസും അമിത് ഷാ ഫ്‌ലാഗ് ഓഫ് ചെയ്തു.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ സേനാതലവൻമാരുമായി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ പർവേഷ് അഹ്മദറിന്റെ കുടുംബത്തെയും മന്ത്രി സന്ദർശിച്ചു. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്.