ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അവഗണന മാത്രമാണ് നേരിടേണ്ടിവരുന്നതെന്നും മെഹബൂബ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370, 35 എ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്ബോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുകയാണ്. ഇക്കാര്യം പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്നും മെഹബൂബ മുഫ്തി ചോദിച്ചു.
2019 ഓഗസ്റ്റ് 5 ലെ തീരുമാനം ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കോ പിഡിപിക്കോ സ്വീകാര്യമല്ല. തങ്ങളുടെ പ്രത്യേക പദവിയും സ്വത്വബോധവും തട്ടിയെടുത്ത ശേഷം ഇപ്പോള്‍ നിശബ്ദരായി ഇരിക്കാനാണ് കേന്ദ്രം പറയുന്നത്. എങ്ങനെയാണ് തങ്ങള്‍ക്ക് മൗനം പാലിക്കാനാവുക. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയത് ഇന്ത്യന്‍ ഭരണഘടനയാണെന്നും അല്ലാതെ പാകിസ്ഥാന്റെ ഭരണഘടനയോ ചൈനയുടെ ഭരണഘടനയോ അല്ല എന്നും മെഹബൂബ മുഫ്തി പറഞ്ഞു. പിഡിപിയുടെ അംഗത്വ വിതരണ പരിപാടിയിലായിരുന്നു പരാമര്‍ശം.