ജലനിരപ്പ് 136 അടിയിലെത്തി; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി 142 അടിയാണ്. നിലവില്‍ ഓരോ സെക്കന്റിലും ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. 2150 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

അതേസമയം, ജലനിരപ്പ് 136ല്‍ എത്തുമ്പോള്‍ മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പ്രോട്ടോകോള്‍ പ്രകാരം ജലനിരപ്പ് 136ല്‍ എത്തിയാല്‍ തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കും. 138 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കും. ജലനിരപ്പ് പരമാവധി ശേഷിയായ 142 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളൂ.