ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലേർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കും.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. നീരൊഴുക്കും വർധിച്ചിട്ടുണ്ട്.
അതേസമയം, ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നതിൽ പെരിയാറിന്റെ തീരത്തുള്ളവർ ആശങ്കപ്പെേടേണ്ടതില്ലെന്ന് കഐസ്ഇബി അധികൃതർ അറിയിച്ചു. വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് ക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.