സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമിൽ 2392 അടിയാണ് നിലവിൽ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 127 അടിയിലെത്തി. ഇടുക്കിയിൽ ഇന്നലെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു
വാളയാർ, മലമ്പുഴ ഡാമുകളിലെ ഷട്ടറുകൾ നേരത്തെ തന്നെ തുറന്നിരുന്നു. ഓഗസ്റ്റ് 3ന് തുരന്ന കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇനിയും അടച്ചിട്ടില്ല. മഴ ശക്തമായാൽ പോത്തുണ്ടി ഡാം തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 61.88 മീറ്ററിലെത്തിയാൽ വാഴാനി ഡാമും തുറക്കും. നിലവിൽ 61.82 മീറ്ററാണ് ജലനിരപ്പ്.
സംസ്ഥാനത്ത് നാളെ കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനക്ക് മുകളിലുള്ള തീവ്രന്യൂനമർദം നാളെ വൈകുന്നേരത്തോടെ മുംബൈ തീരം വഴി അറബിക്കടലിൽ പ്രവേശിക്കും.