കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് അണക്കെട്ടുകളിലും റെഡ് അലർട്ടാണ്. മഴ ശക്തമായി തുടരുന്നതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപംകൊണ്ട ന്യൂനമർദം ശക്തമാകുന്നതോടെ വടക്കേ ഇന്ത്യയിലും മധ്യഇന്ത്യയിലും മഴ ശക്തമാകും. കേരളത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് റിപ്പോർട്ട്.
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 135 അടിയിലെത്തി. 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361 അടിയായി. സംഭരണശേഷിയുടെ 67 ശതമാനമാണിത്. നെയ്യാർ, പേപ്പാറ, മൂഴിയാർ, മണിയാർ ഡാമുകൾ നേരത്തെ തുറന്നു.