സംസ്ഥാനത്ത് കാലവർഷം അതീവ ശക്തിയാർജിക്കുന്നു. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർകോട് വരെയുള്ള മറ്റ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും.
തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂനിറ്റുകൾ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് യൂനിറ്റുകൾ കേരളത്തിൽ എത്തിയിരുന്നു
കനത്ത മഴയാണ് വടക്കൻ കേരളത്തിൽ അനുഭവപ്പെടുന്നത്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. മേപ്പാടി പുത്തുമലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 807 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
കോഴിക്കോട് ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. ഇരുവഴഞ്ഞി, ചാലിയാർ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. തീരത്തുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റി. ചാലി പുഴയിൽ ചെമ്പുകടവ് പാലം വെള്ളത്തിൽ മുങ്ങി. നിലമ്പൂരിലും മഴ ശക്തമാണ്. നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലമ്പൂർ സംസ്ഥാനപാതയിൽ വെള്ളം കയറി.
കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷൻ വെള്ളപൊക്ക സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള, മാഹി, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽ അതിതീവ്ര നിലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.