ദോഹ: ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ഇന്ന് മുതൽ ആരംഭിച്ചു. ജൂൺ 19 മുതൽ 25 വരെ ഏഴ് യോഗ്യതാ മത്സരങ്ങളാണ് ഖത്തറിൽ നടക്കുക. ഫിഫ ലോകകപ്പ് ഖത്തർ-2022 വേളയിൽ മത്സരങ്ങൾ നടക്കാനിരിക്കുന്ന ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം എന്നീ രണ്ട് വേദികളിൽ തുടർച്ചയായ രാത്രികളിലാണ് കളി നടക്കുക. 20 റിയാൽ വിലയുള്ള ടിക്കറ്റുകൾ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വെബ്‌സൈറ്റിൽ നിന്നാണ് ലഭിക്കുക. ശേരസലെേ.ൂളമ.ൂമ എന്നതാണ് ടിക്കറ്റ് ലഭിക്കുന്നതിനുള്ള സൈറ്റ്. 12 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. കൂടാതെ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് ഭേദമായവർക്കും പൂർണമായി വാക്‌സിനേഷൻ എടുത്തവർക്കുമാണ് പ്രവേശനം അനുവദിക്കുക. ഒരാൾക്ക് പരമാവധി നാല് ടിക്കറ്റാണ് വാങ്ങാൻ കഴിയുക.
ജൂൺ 19 (രാത്രി 8 മണിക്ക്) ലിബിയ സുഡാൻ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജൂൺ 20 (രാത്രി 8 മണിക്ക്) ഒമാൻ സോമാലിയ ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ജൂൺ 21 (രാത്രി 8 മണിക്ക്) ജോർദാൻ സൗത്ത് സുഡാൻ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജൂൺ 22 (രാത്രി 8 മണിക്ക്) മൗറിറ്റാനിയ യെമൻ ജാസിം ബിൻ ഹമദ് സ്റ്റേഡിയം, 23 ജൂൺ (രാത്രി 8 മണിക്ക്) ലെബനൻ ജിബൂട്ടി ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജൂൺ 24 (രാത്രി 8 മണിക്ക് ) പലസ്തീൻ കൊമോറോസ് ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ജൂൺ 25 (രാത്രി 8 മണിക്ക്) ബഹ്‌റൈൻ കുവൈത്ത് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം.
രണ്ട് സ്റ്റേഡിയങ്ങളിലും ആരാധകരുടെയും കളിക്കാരുടെയും സൗകര്യത്തിനായി നൂതനമായ കൂളിംഗ് സാങ്കേതികവിദ്യയുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ മത്സരത്തിനും സ്‌റ്റേഡിയത്തിന്റെ പരമാവധി 30% ശേഷി കാണികളെയാണ് അനുവദിക്കുക.
മാസ്‌ക് ധരിക്കുക, ഇഹ്തിറാസ് ആപഌക്കേഷനിൽ സ്റ്റാറ്റസ് പച്ചയാണെന്ന് ഉറപ്പു വരുത്തുക, സാമൂഹിക അകലം പാലിക്കുക എന്നിവ നിർബന്ധമാണ്. സ്റ്റേഡിയത്തിനുള്ളിൽ ഭക്ഷണമോ പാനീയങ്ങളോ അനുവദിക്കില്ല. വേദിക്ക് സമീപമുള്ള ഏതെങ്കിലും സ്ഥലത്ത് ആരാധകരെ ഒത്തുകൂടാൻ അനുവദിക്കില്ല. കളി കാണുവാൻ വരുന്നവർ പൊതുഗതാഗതം ഉപയോഗിക്കാൻ സംഘാടകർ പ്രോത്സാഹിപ്പിക്കുന്നു. രണ്ട് സ്റ്റേഡിയങ്ങളും മെട്രോ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ്. സ്‌പോർട്‌സ് സിറ്റി സ്റ്റേഷന് സമീപമാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ സുഡാൻ സ്റ്റേഷന് സമീപമാണ് ജാസിം ബിൻ ഹമദ് സ്റ്റേഡിയം. രണ്ട് സ്റ്റേഷനുകളും ഗോൾഡ് ലൈനിലാണ്.
വിജയികളായ എല്ലാ ടീമുകളും ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫൈനലിന് യോഗ്യത നേടും, ഫിഫ ലോകകപ്പ് ഖത്തർ-2022 ന് സമാനമായ സമയ പരിധിക്കുള്ളിൽ. ഫിഫ റാങ്കിംഗ് അനുസരിച്ച് പ്രമുഖരായ ഒമ്പത് രാജ്യങ്ങൾ ഇതിനകം തന്നെ മൽസരത്തിന് യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയ രാജ്യമായ ഖത്തർ, ടുണീഷ്യ, അൾജീരിയ, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സിറിയ എന്നിവയാണ് ഫിഫ അറബ് കപ്പ് ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്.