2022 ഫിഫ ഖത്തര്‍ ലോകകപ്പ് ആരാധകരുടെ സാന്നിധ്യത്തില്‍ തന്നെയായിരിക്കും; ഫിഫ പ്രസിഡന്റ്

ദോഹ: 2022 ഫിഫ ഖത്തര്‍ ലോകകപ്പ് ആരാധകരുടെ സാന്നിധ്യത്തില്‍ തന്നെ നടത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ എത്താതിരിക്കുന്നതിനെ പറ്റി തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് ജിയാനി ഇന്‍ഫാന്റിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ഫിഫ ലോകകപ്പ്. അപ്പോഴേക്കും കൊവിഡിന് ശമനം ഉണ്ടാകുമെന്നും ഫുട്ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയുമെന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ അല്‍ഖോറിലെ അല്‍ ബെയ്തില്‍ ഇന്‍ഫാന്റിനോ സന്ദര്‍ശിച്ചത്.

എക്കാലത്തേയും മികച്ച ലോകകപ്പിനാണ് അല്‍ബെയ്തില്‍ കിക്കോഫ് നടക്കുകയെന്നും ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകളില്‍ പൂര്‍ണ തൃപ്തനാണെന്നും പ്രഖ്യാപിച്ചാണ് ഫിഫ പ്രസിഡന്റ് മടങ്ങിയത്.