യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ആദ്യവിമാനം മുംബൈയില്‍ എത്തി. 219 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 27 പേര്‍ മലയാളികളാണ്. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ട സംഘമാണ് വൈകീട്ടോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയില്‍ എത്തിയത്. ഇവരെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യം ധ്രുതഗതിയില്‍ തുടരുകയാണ്. കീവില്‍ ഉള്‍പ്പെടെ യുക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ പലരും വെള്ളവും ഭക്ഷണവും കിട്ടാതെ ദുരിതത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളാണ് മലയാളികളില്‍ ഏറെയും. പലയിടത്തും യുദ്ധം രൂക്ഷമായതിനാല്‍ ബങ്കറുകളിലാണ് വിദ്യാര്‍ഥികള്‍ കഴിയുന്നത്. മെട്രോ സ്‌റ്റേഷനുകളിലും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.