Headlines

‘വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം; BJPക്ക് പത്ത് സീറ്റിൽ അധികം ലഭിച്ചാൽ രാഷ്ട്രീയം നിർത്തും’; അരവിന്ദ് കെജ്‍രിവാൾ

ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ബിജെപിക്ക് പത്ത് സീറ്റിൽ അധികം ലഭിച്ചാൽ രാഷ്ട്രീയം നിർത്തുമെന്നും വെല്ലുവിളി. നരേന്ദ്രമോദി , അമിത് ഷാ എന്നിവരുടെ ഗൂഢാലോചനയാണ് മദ്യ നയ അഴിമതിക്കേസ് പിന്നിലെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. അവർ മാപ്പ് പറയണമെന്ന് അദേഹം ആവശ്യപ്പെട്ടു.“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അധികാര ദാഹത്തിന്റെ ഫലമാണ്. അധികാരത്തിനായുള്ള ആ മോഹത്തിൽ നിന്നാണ് ഈ ഗൂഢാലോചന ഉടലെടുത്തത്. എന്റെ ഭാര്യ പലപ്പോഴും സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. എന്റെ അമ്മ ഒരുപാട് കരഞ്ഞു. മോദിയും അമിത് ഷായും ചേർന്ന് നടത്തിയ ഈ ഗൂഢാലോചനയുടെ യഥാർത്ഥ വില ഡൽഹിയാണ് വഹിക്കുന്നത്. ഡൽഹിയിലെ മൂന്ന് കോടി ജനങ്ങൾ ഇതിന്റെ പേരിൽ കഷ്ടപ്പെടുന്നു. ആരാണ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക?” അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

“ഡൽഹിയിലെ ജനങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായിരുന്നു. ഞാൻ സത്യസന്ധനാണെന്ന് പൊതുജനങ്ങൾക്ക് അറിയാം, അതിനാൽ അവർ എന്റെ സത്യസന്ധതയെ ആക്രമിച്ചു. ആം ആദ്മി പാർട്ടി സത്യസന്ധമാണെന്ന് പൊതുജനങ്ങൾക്ക് അറിയാം. അതിനാൽ അവർ പാർട്ടിയുടെ സമഗ്രതയെ ലക്ഷ്യം വച്ചു. ‘കെജ്‌രിവാൾ സത്യസന്ധനല്ല’ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് അവർ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി. മദ്യക്കമ്പനി, പണം കൈപ്പറ്റിയെന്നും 100 കോടി രൂപ തട്ടിയെടുത്തെന്നും അവർ എന്നെ കുറ്റപ്പെടുത്തി. എന്റെ ജീവിതത്തിൽ സത്യസന്ധതയും ബഹുമാനവും അല്ലാതെ മറ്റൊന്നും ഞാൻ സമ്പാദിച്ചിട്ടില്ല. ഞാൻ നിയമവിരുദ്ധമായി ഒരു പൈസ പോലും സമ്പാദിച്ചിട്ടില്ല. ഞാൻ അവരെപ്പോലെയല്ല. ഞാൻ സത്യസന്ധത മാത്രമേ സമ്പാദിച്ചിട്ടുള്ളൂ, അതാണ് അവർ നശിപ്പിക്കാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് അവർ ഈ ഗൂഢാലോചന നടത്തിയത്,” കെജ്‌രിവാൾ പറഞ്ഞു.അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് രാഷ്ട്രീയപ്രവേശം നടത്തിയ, അരവിന്ദ് കെജ്രിവാളിനെ വീഴ്ത്തിയതും അഴിമതി ആരോപണമായിരുന്നു. ഡൽഹിയുടെ ഭരണം കൈയ്യിൽ നിന്ന് പോയത് മാത്രമല്ല, ആം ആദ്മി പാർട്ടിയുടെ കുതിപ്പിനും വേഗം കുറഞ്ഞു. ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയ്ക്ക് അടിപതറി. ഒടുവിലിതാ, ഒരു തെളിവും ഇല്ലെന്ന് പറഞ്ഞ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പടെ 23 പേരെ മദ്യനയ അഴിമതിക്കേസിൽ ഡൽഹി റൗസ് കോടതി കുറ്റവിമുക്തരാക്കി. ഡൽഹിയുടെ ഭരണം അട്ടിമറിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടൽ എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ബലം പകരും കോടതിവിധി.