ഇൻസ്റ്റഗ്രാമിൽ താരമായി മാറിയിരിക്കുകയാണ് യാത്രകളും അഡൈ്വഞ്ചർ ട്രിപ്പുകളും തുടങ്ങിയവയുടെ കണ്ടന്റ് ക്രിയേറ്ററായ നിഹാൽക്ക എന്നറിയപ്പെടുന്ന നിഹാൽ ഹമീദ്. ഇപ്പോഴിതാ നിഹാൽക്കയെ ഇൻസ്റ്റഗ്രാം തന്നെ ഫോളോ ചെയ്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുന്ന രണ്ടാമത്തെ മലയാളിയെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നിഹാൽ. ഹനുമാൻകൈൻഡാണ് ഈ ലിസ്റ്റിൽ വന്ന ആദ്യ മലയാളി.ഏറ്റവും അവിശ്വസനീയമായ നിമിഷങ്ങളിലൊന്നാണെന്നാണ് നിഹാൽ പറയുന്നത്. “എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ നിമിഷങ്ങളിലൊന്ന്, ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക പേജിൽ നിന്നുള്ള ഒരു സന്ദേശം എന്റെ കണ്ടതാണ്. എന്റെ ഉള്ളടക്കം ഇഷ്ടപ്പെട്ടുവെന്നും അവർക്കായി ഒരു വീഡിയോ സൃഷ്ടിക്കാൻ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അത് വിശ്വസിക്കാനായില്ല. എല്ലാം ഒരു സ്വപ്നം പോലെ തോന്നി – ഔദ്യോഗിക ഇമെയിലുകൾ, ഒരു അഭിമുഖം, തുടർന്ന് ഇൻസ്റ്റാഗ്രാം എന്റെ വീഡിയോ പോസ്റ്റ് ചെയ്തു. അതിനെ കൂടുതൽ അവിശ്വസനീയമാക്കിയത് ഇൻസ്റ്റാഗ്രാം എന്നെ ഫോളോ ചെയ്യുന്നു എന്ന വസ്തുതയാണ്. അവർ ലോകമെമ്പാടും 205 പേരെ മാത്രമേ പിന്തുടരുന്നുള്ളൂ, ഞാനും അവരിൽ ഒരാളാണെന്ന് അറിയുന്നത് ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു” നിഹാൽ പറയുന്നു.
ഒരു മില്യണിന് മുകളിൽ ഫോളോവേഴ്‌സാണ് ഇൻസ്റ്റയിൽ നിഹാലിനുള്ളത്. ഇൻസ്റ്റഗ്രാമിന്റെ ഒഫീഷ്യൽ പേജിൽ നിഹാലിനെ ഫീച്ചറും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയാണ് ഇൻസ്റ്റഗ്രാം തിരഞ്ഞെടുത്ത് ഫീച്ചർ ചെയ്യുന്നത്. നിഹാലിന്റെ ബയോയിൽ ‘YOLO’ (You Only Live Once) എന്ന് കുറിച്ചിരിക്കുന്നത് കാണാം. ഇതാണ് ഇൻസ്റ്റഗ്രാമും നിഹാലിനെ പരിചയപ്പെടുത്തിക്കൊണ്ട് കുറിച്ചത്. 700 മില്യൺ ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം ഫോളോ ചെയ്തിട്ടുള്ള ഇരുന്നൂറോളം പേരിലാണ് ഇപ്പോൾ നിഹാലും ഇടം നേടിയിരിക്കുന്നത്.






