തകർത്തടിച്ച് യൂസഫ് പത്താൻ; ഏഷ്യാ ലയൺസിനെ തകർത്ത് ഇന്ത്യാ മഹാരാജാസ്

 

ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് ജയം. ഒമാനിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഏഷ്യാ ലയൺസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ മഹാരാജാസ് 19.1 ഓവറിൽ 179 റൺസ് എടുത്ത് വിജയം പൂർത്തിയാക്കി

യൂസഫ് പത്താനും മുഹമ്മദ് കൈഫും ചേർന്നാണ് ഇന്ത്യ മഹാരാജാസിനെ വിജയത്തിലേക്ക് എത്തിച്ചത്. യൂസഫ് 40 പന്തിൽ അഞ്ച് സിക്‌സും 9 ഫോറും സഹിതം 80 റൺസെടുത്തു. കൈഫ് 37 പന്തിൽ 42 റൺസുമായും ഇർഫാൻ പത്താൻ 10 പന്തിൽ 21 റൺസുമായും പുറത്താകാതെ നിന്നു. നമാൻ ഓജ 20 റൺസും സ്റ്റുവർട്ട് ബിന്നി 10 റൺസുമെടുത്തു. കൈഫാണ് ഇന്ത്യ മഹാരാജാസിനെ നയിച്ചത്. ഏഷ്യ ലയൺസിനായി ഷൊയ്ബ് അക്തർ, ഉമർ ഗുൽ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ ഉപുൽ തരംഗം, മിസ്ബാ ഉൽ ഹഖ് എന്നിവരുടെ ബാറ്റിംഗാണ് ഏഷ്യ ലയൺസിന് മികച്ച സ്‌കോർ നേടി കൊടുത്തത്. തരംഗ 46 പന്തിൽ 66 റൺസെടുത്തു. മിസ്ബാ 30 പന്തിൽ 44 റൺസെടുത്തു പുറത്തായി. ഹഫീസ് 16 റൺസും കമ്രാൻ അക്മൽ 25 റൺസുമെടുത്തു. ഇന്ത്യക്കായി മൻപ്രീത് ഗോണി മൂന്നും ഇർഫാൻ പത്താൻ രണ്ടും ബിന്നി, മുനാഫ് പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി