ഹർഷൽ പട്ടേലിന് ഹാട്രിക്; മുംബൈയെ 54 റൺസിന് തകർത്ത് ബാംഗ്ലൂർ

 

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് തകർപ്പൻ ജയം. 54 റൺസിനാണ് കോഹ്ലി സംഘം രോഹിതിന്റെ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈ ഇന്ത്യൻസ് 18.1 ഓവറിൽ 111 റൺസിന് എല്ലാവരും പുറത്തായി

വിരാട് കോഹ്ലിയുടെയും ഗ്ലെൻ മാക്‌സ് വെല്ലിന്റെയും അർധ സെഞ്ച്വറികളുടെ മികവിലാണ് ബാംഗ്ലൂർ സ്‌കോർ 165ൽ എത്തിച്ചത്. കോഹ്ലി 42 പന്തിൽ 51 റൺസും മാക്‌സ് വെൽ 37 പന്തിൽ 56 റൺസുമെടുത്തു. ശ്രീകർ ഭരത് 32 റൺസെടുത്തു.

മറുപടി ബാറ്റിംഗിൽ ഓപണിംഗ് വിക്കറ്റിൽ മികച്ച തുടക്കം ലഭിച്ചിട്ടും മുംബൈക്ക് ഇത് മുതലാക്കാനായില്ല. രോഹിതും ക്വിന്റൺ ഡികോക്കും മാത്രമാണ് മുംബൈ നിരയിൽ രണ്ടക്കം കടന്നത്. രോഹിത് 43 റൺസും ഡികോക്ക് 24 റൺസുമെടുത്തു. ഇഷാൻ കിഷൻ 9 റൺസും സൂര്യകുമാർ യാദവ് 8 റൺസിനും കൃനാൽ പാണ്ഡ്യ 5, പൊള്ളാർഡ് 7, ഹാർദിക് പാണ്ഡ്യ 3 റൺസിനും വീണു

പതിനേഴാം ഓവറിലാണ് ഹർഷൽ പട്ടേലിന്റെ ഹാട്രിക് പിറന്നത്. ആദ്യ പന്തിൽ ഹാർദിക് പുറത്ത്. തൊട്ടടുത്ത പന്തിൽ പൊള്ളാർഡും അടുത്ത പന്തിൽ രാഹുൽ ചാഹറിനെയും വീഴ്ത്തിയതോടെ 5ന് 106 എന്ന നിലയിൽ നിന്നും 8ന് 106 എന്ന നിലയിലേക്ക് മുംബൈ വീണു. പട്ടേൽ നാല് വിക്കറ്റെടുത്തു. ചാഹൽ മൂന്നും മാക്‌സ് വെൽ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി