Headlines

ലങ്കക്കെതിരായ ടി20 പരമ്പരയിൽ കോഹ്ലിയും പന്തുമുണ്ടാകില്ല; സഞ്ജു സാംസൺ ടീമിലെത്തിയേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദീർഘകാലമായി ബയോബബിളിൽ തുടരുന്ന ഇരുവർക്കും ഇടവേള നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇരുവരുമുണ്ടാകില്ല

അതേസമയം ലങ്കക്കെതിരായ ടെസ്റ്റ് ടീമിൽ ഇരുവരും ഉണ്ടാകും. ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പന്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടാൻ സാധ്യതയേറെയാണ്

24ന് ലക്‌നവിലാണ് ലങ്കക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനെയും സെലക്ഷൻ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കോഹ്ലിയുടെ നൂറാം ടെസ്റ്റും ഈ പരമ്പരയിൽ കാണാം.

റിഷഭ് പന്തിന് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിലാണ് സഞ്ജു ടീമിലെത്തുമെന്ന സൂചനകൾ ലഭിക്കുന്നത്. ബിസിസിഐ കഴിഞ്ഞ ദിവസം സഞ്ജുവിനോട് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്താൻ നിർദേശിച്ചിരുന്നു. താരം കായികക്ഷമത തെളിയിച്ചിട്ടുണ്ട്. ഇഷാൻ കിഷൻ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ബിസിസിഐ വീണ്ടുവിചാരത്തിനൊരുങ്ങുന്നത്.