തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷ് ചൊവ്വാഴ്ച നാട്ടിലെത്തും. അക്ഷയ്ക്ക് യാത്രരേഖകൾ കൈമാറി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി ബിന്ദുകൃഷ്ണ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടപടി വേഗത്തിലായത്. അക്ഷയ്ക്ക് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റ് എമർജെൻസി സർട്ടിഫിക്കറ്റ് നൽകിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഇന്ത്യൻ എംബസി അക്ഷയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
പാസ്പോർട്ട് ഉൾപ്പടെ നഷ്ട്ടമായതിനെ തുടർന്നാണ് അക്ഷയ് ഇറാനിൽ പെട്ടത്. അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. 11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജൻറ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിന്റെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു.
യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് ചോദിച്ചപ്പോൾ, പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെന്നും ഇല്ലെന്നാണ് മറുപടി കിട്ടിയതെന്നും അക്ഷയ് പറയുന്നു. രേഖകൾ നഷ്ടമായതോടെ കപ്പലിൽ നിന്നും പിന്നീട് ബന്ദർ ലെംഗെയിലെ ഒരു ഹോട്ടൽ മുറിയിലേക്കും അക്ഷയെ മാറ്റി. തുടർന്ന് സഹായം അഭ്യർത്ഥിച്ച് അക്ഷയ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു. പിന്നാലെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി ബിന്ദുകൃഷ്ണയും വിഷയത്തിൽ ഇടപെടുന്നത്.






