രാഹുല്‍, ഗെയ്ല്‍, മായങ്ക്- പഞ്ചാബ് പതറി, പിന്നെ ജയിച്ചു

ഷാര്‍ജ: ഐപിഎല്ലില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് എട്ടു വിക്കറ്റ് വിജയവുമായി ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നു. തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങിയ പഞ്ചാബ് മിന്നുന്ന ഫോമില്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിനെ അവസാന പന്തിലായിരുന്നു മറികടന്നത്. ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് കരുതിയ പഞ്ചാബ് അവസാന ഓവറുകളില്‍ പതിവുപോലെ പതറി. ഇന്നിങ്‌സിലെ അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍സായിരുന്നു. പുതുതായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ യുസ്വേന്ദ്ര ചഹലിനെതിരേ സിക്‌സറിലൂടെ വിജയറണ്‍ നേടിയതോടെയാണ് പഞ്ചാബിന്റെ ശ്വാസം നേരെ വീണത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ആര്‍സിബിക്കുമേല്‍ കെഎല്‍ രാഹുലിന്റെ ടീം വിജയം കൊയ്തത്.

 

ആര്‍സിബി നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബ് രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നായകന്റെ കളി കെട്ടഴിച്ച കെഎല്‍ രാഹുല്‍ (61*), യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ (53) എന്നിവരുടെ തട്ടുപൊളിപ്പന്‍ ബാറ്റിങും മായങ്ക് അഗര്‍വാള്‍ (45) നല്‍കിയ മികച്ച തുടക്കവും പഞ്ചാബിന്റെ വിജയത്തിന് അടിത്തറ പാകി. 49 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ചു സിക്‌സറുമടക്കാണ് 61 രാഹുല്‍ റണ്‍സെടുത്തതെങ്കില്‍ സീസണിലെ ആദ്യ മല്‍സരം കളിച്ച ഗെയ്ല്‍ 45 പന്തില്‍ അഞ്ചു സിക്‌സറും ഒരു ബൗണ്ടറിയും നേടി. വെറും 25 പന്തിലാണ് മായങ്ക് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 45 റണ്‍സ് അടിച്ചെടുത്തത്. ആദ്യ വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ രാഹുല്‍- ഗെയ്ല്‍ ജോടി 107 റണ്‍സ് അടിച്ചെടുത്തതോടെ പഞ്ചാബ് വിജയത്തിലെത്തി. രാഹുലാണ് മാന്‍ ഓഫ് ദി മാച്ച്.

 

നേരത്തേ ആര്‍സിബി ആറു വിക്കറ്റിനാണ് 171 റണ്‍സെടുത്തത്. മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറിലെ വെടിക്കെട്ടാണ് ആര്‍സിബിയെ 170 കടത്തിയത്. മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം ആര്‍സിബി ഈ ഓവറില്‍ 24 റണ്‍സ് അടിച്ചെടുത്തു. 15 ഓവറില്‍ ആര്‍സിബി സ്‌കോര്‍ ബോര്‍ഡില്‍ 122 റണ്‍സുണ്ടായിരുന്നു. എന്നാല്‍ ശേഷിച്ച അഞ്ചോവറില്‍ 50 റണ്‍സെടുക്കാനേ ആര്‍സിബിക്കായുള്ളൂ. മൂന്നു വിക്കറ്റുകളും നഷ്ടമായി.

 

കരിയറിലെ 200ാം മല്‍സരം കളിച്ച നായകന്‍ വിരാട് കോലിയാണ് (48) ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 39 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. എട്ടു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സോടെ ക്രിസ് മോറിസും അഞ്ചു പന്തില്‍ ഒരു സിക്‌സറോടെ 10 റണ്‍സോടെ ഇസുരു ഉദാനയും പുറത്താവാതെ നിന്നു. ശിവം ദുബെ (23), ആരോണ്‍ ഫിഞ്ച് (20) ഭേദപ്പെട്ട പ്രകടനം നടത്തി. ആരോണ്‍ ഫിഞ്ച് (18), വാഷിങ്ടണ്‍ സുന്ദര്‍ (13), എബി ഡിവില്ലിയേഴ്‌സ് (2) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമിയും എം അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തുവിട്ട കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ആര്‍സിബി നിലനിര്‍ത്തുകയായിരുന്നു. മറുഭാഗത്ത് പഞ്ചാബ് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. മുജീബുര്‍ റഹ്മാന്‍, മന്‍ദീപ് സിങ്, പ്രഭ്‌സിമ്രന്‍ സിങ് എന്നിവര്‍ക്കു പകരം വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, എം അശ്വിന്‍ എന്നിവര്‍ പഞ്ചാബ് ടീമിലെത്തി.