മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ ഡൽഹിയെ ആറ് വിക്കറ്റിനാണ് കേരളം തകർത്തത്. കഴിഞ്ഞ മത്സരത്തിൽ മുംബൈയെയും ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെയും കേരളം തോൽപ്പിച്ചിരുന്നു
ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് അടിച്ചു കൂട്ടിയത്. ശിഖർ ധവാന്റെ നേതൃത്വത്തിലാണ് ഡൽഹി ഇറങ്ങിയത്. ധവാൻ 48 പന്തിൽ 77 റൺസെടുത്തു. ലളിത് യാദവ് 52 റൺസും അനൂജ് റാവത് 27 റൺസുമെടുത്തു.
കൂറ്റൻ സ്‌കോർ കണ്ടിട്ടും പതറാതെയാണ് കേരളാ താരങ്ങൾ തിരിച്ചടിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ കേരളത്തിന് കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടപ്പെട്ടു. എന്നാൽ ഒരറ്റത്ത് ഉറച്ചു നിന്ന റോബിൻ ഉത്തപ്പ അടിച്ചു തകർത്തു. 54 പന്തിൽ 91 റൺസാണ് ഉത്തപ്പ എടുത്തത്
നായകൻ സഞ്ജു 16 റൺസെടുത്ത് മടങ്ങി. വിഷ്ണു വിനോദ് 38 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നു. സച്ചിൻ ബേബി 22 റൺസെടുത്തു. ആറ് പന്തുകൾ ശേഷിക്കെയാണ് കേരളം വിജയലക്ഷ്യം മറികടന്നത്.