അടിമുടി ആവേശം നിറഞ്ഞ മത്സരം. ഒടുവിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസും. കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരായ രാജസ്ഥാന്റെ വിജയത്തിന് തിളക്കമേറെയാണ്. അവസാന നിമിഷം വരെ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരം കൂടിയായിരുന്നുവിത്
രണ്ട് ടീമുകളും കൂടി അടിച്ചു കൂട്ടിയത് 449 റൺസ്. ആകെ പറന്നത് 29 സിക്‌സുകൾ. 11 എണ്ണം പഞ്ചാബ് ഇന്നിംഗ്‌സിൽ. 18 എണ്ണം രാജസ്ഥാൻ ഇന്നിംഗ്‌സിലും. ബാറ്റ്‌സ്മാൻമാരുടെ പറുദീസയായ ഗ്രൗണ്ടിൽ ഇരു ടീമിലെയും ബൗളർമാർ കണക്കില്ലാതെ തല്ല് ഏറ്റുവാങ്ങുകയും ചെയ്തു
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് അടിച്ചുകൂട്ടിയത്. മായങ്ക് അഗർവാൾ 50 പന്തിൽ ഏഴ് സിക്‌സും 10 ഫോറും സഹിതം 106 റൺസ്. കെ എൽ രാഹുൽ 54 പന്തിൽ 69 റൺസ്. മാക്‌സ് വെൽ പുറത്താകാതെ 13, നിക്കോളാസ് പൂരൻ പുറത്താകാതെ 25 റൺസ്
ഒമ്പത് ഓവർ പൂർത്തിയാകുമ്പോൾ സ്‌കോർ 100ൽ എത്തി. ഇതേ സ്‌കോറിൽ സ്മിത്ത് വീണു. 27 പന്തിൽ 2 സിക്‌സും 7 ഫോറും സഹിതം 50 റൺസ് സ്മിത്തിന്റെ വക. സഞ്ജു പക്ഷേ നിർത്തിയില്ല. സ്‌കോർ 161ൽ എത്തിയ ശേഷമാണ് സഞ്ജു മടങ്ങിയത്. 42 പന്തിൽ ഏഴ് സിക്‌സും നാല് ഫോറും സഹിതം 85 റൺസ്.
18ാം തിവാട്ടിയയുടെ മാസ്മരിക പ്രകടനം കൂടി കഴിഞ്ഞതോടെ രാജസ്ഥാൻ ജയം ഉറപ്പിച്ചു. അഞ്ച് സിക്‌സ് ഉൾപ്പെടെ 30 റൺസാണ് ആ ഓവറിൽ അടിച്ചു കൂട്ടിയത്. 31 പന്തിൽ ഏഴ് സിക്‌സ് സഹിതം 53 റൺസുമായി തിവാട്ടിയ മടങ്ങുമ്പോൾ രാജസ്ഥാന് ജയിക്കാൻ രണ്ട് റൺസ് മാത്രം മതിയായിരുന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ മാൻ ഓഫ് ദ മാച്ചായി. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിലും സഞ്ജു തന്നെയായിരുന്നു കളിയിലെ താരം. സീസണിൽ നിലവിൽ ഏറ്റവും കൂടുതൽ സിക്‌സറുകളും സഞ്ജുവിന്റെ പേരിലാണ്. രണ്ട് മത്സരങ്ങളിൽ നിന്നായി 16 സിക്‌സുകൾ. മൂന്ന് മത്സരങ്ങളിൽ നിന്ന് 11 സിക്‌സ് ഉള്ള മായങ്കാണ് ഇതിൽ രണ്ടാമൻ.