കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. പാർട്ടിക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവ് വേണം. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സിബൽ തുറന്നടിച്ചത്. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ
ഗാന്ധി കുടുംബത്തെ താഴ്ത്തിക്കെട്ടാനല്ല കത്തയച്ചത്. ഇതുവരെയുള്ള ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും പ്രവർത്തനങ്ങളിലും അഭിമാനമുണ്ട്. കോൺഗ്രസ് പാർട്ടിയെ രക്ഷപ്പെടുത്തലാണ് ലക്ഷ്യം. കോൺഗ്രസിനെ പുനർജീവിപ്പിക്കാൻ ഞങ്ങൾക്കും പങ്കു ചേരണം. അത് പാർട്ടിയുടെ ഭരണഘടനയോടും കോൺഗ്രസിന്റെ പാരമ്പര്യത്തോടുമുള്ള കടമയാണ്
ചരിത്രപരമായ തകർച്ചയുടെ വക്കിലാണ് കോൺഗ്രസ്. 2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നത് അതാണ്. ഞങ്ങൾ നൽകിയ കത്ത് പ്രവർത്തക സമിതിയിലെ അംഗങ്ങൾക്ക് ലഭിച്ചിരുന്നുവെങ്കിൽ നിലപാട് വ്യക്തമാകുമായിരുന്നു. എന്നാൽ യോഗത്തിൽ പലരും തങ്ങളെ വഞ്ചകർ എന്ന് വിശേഷിപ്പിച്ചു. ഞങ്ങൾ ആക്രമിക്കപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് ഭയമില്ല. എക്കാലവും അങ്ങനെ തുടരുമെന്നും സിബൽ പറഞ്ഞു