രാജ്യസഭാ തിരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും. ഈമാസം 24ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും ഇരുമുന്നണിക്കും വോട്ടുചെയ്യേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. ഇക്കാര്യം ജോസ് കെ മാണി എംപി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം.

യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയില്‍നിന്ന് ഒഴിവാക്കിയതിനു മറുപടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എതിര്‍ത്ത് വോട്ടുചെയ്യണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. എന്നാല്‍, തല്‍ക്കാലം സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ അതേ നിലപാട് നിയമസഭയിലും ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായം അംഗീകരിക്കുകയായിരുന്നു. വിട്ടുനില്‍ക്കുന്നതുതന്നെ യുഡിഎഫിന് നല്‍കുന്ന തക്കമറുപടിയാണെന്ന വിലയിരുത്തലുമുണ്ടായി. യുഡിഎഫില്‍നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ എല്‍ഡിഎഫിലേയ്ക്ക് പരോക്ഷമായി സ്വാഗതം ചെയ്യുന്ന സമീപനം സിപിഎം നേതൃത്വത്തില്‍നിന്നുണ്ടായി.