ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മല്ലി. നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ സുഗന്ധവ്യഞ്ജനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മികച്ച പരിഹാരമാണിത്. ഹൃദയത്തിന് ഗുണകരമാകുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മല്ലിയില്‍ നിന്നുള്ള ഘടകങ്ങള്‍ കാല്‍സ്യം അയോണുകളുമായും ന്യൂറോ ട്രാന്‍സ്മിറ്റര്‍ അസറ്റൈല്‍കോളിനുമായും സംവദിക്കുന്നതായി പഠനങ്ങള്‍ അവകാശപ്പെടുന്നു, ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
കൂടാതെ, കുടലിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനും വളരെ ഫലപ്രദമാണ് മല്ലി. മല്ലിയിലെ ഡൈയൂററ്റിക് ഗുണങ്ങല്‍ നല്ല രീതിയില്‍ മൂത്രം പുറന്തള്ളാന്‍ നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിലെത്തുന്ന അമിത സോഡിയം പുറന്തള്ളപ്പെടുന്നു. ഇതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുന്നു. പ്രമേഹം, അമിതവണ്ണം തുടങ്ങിയ അവസ്ഥകളേയും നിയന്ത്രിക്കാന്‍ മല്ലി ഗുണം ചെയ്യുന്നു.
പാചകത്തിനായി മിക്കവരും മല്ലിപ്പൊടിയാണ് ഉപയോഗിക്കാറ്. എന്നാല്‍ ഇതിലൂടെ മല്ലിയുടെ ഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. അസുഖങ്ങള്‍ ചെറുക്കാനായി മല്ലിയിട്ട വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി ഒരു വലിയ സ്പൂണില്‍ മല്ലിയെടുത്ത് ഒരു കപ്പ് വെള്ളത്തില്‍ രാത്രി മുക്കിവയ്ക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി മല്ലിയെടുത്ത് വെറുതെ ചവച്ച് കഴിക്കാവുന്നതുമാണ്. ഇതും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഗുണം ചെയ്യുന്നതാണ്.