എല്‍.ഡി.എഫില്‍ എത്തിയ ജോസ്.കെ മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. മുന്നണിമാറ്റം പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് രാജി തീരുമാനം വൈകിയത്. രാജിവയ്ക്കും മുമ്പ് അദ്ദേഹം നിയമോപദേശവും തേടിയിരുന്നു.
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്ന് സി.പി.എം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായ ബാര്‍കോഴ വിവാദങ്ങളെ തുടര്‍ന്ന് മുന്നണിബന്ധം വഷളാവുകയും പിന്നീട് കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിടുകയും ചെയ്തിരുന്നു. ആ സമയം കോട്ടയം ലോക്‌സഭാ അംഗമായിരുന്ന ജോസ് കെ.മാണി രാജിവെച്ചിരുന്നില്ല.
പിന്നീട് ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇടപെട്ട് കെ.എം മാണിയേയും കേരളാ കോണ്‍ഗ്രസിനെയും യു.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. അന്ന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പായിരുന്നു അത്. തുടര്‍ന്ന് ജോസ് കെ.മാണി പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് രാജ്യസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയായിരുന്നു.
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തോമസ് ചാഴിക്കാടന്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു. കെ.എം മാണിയുടെ മരണ ശേഷം പി.ജെ. ജോസഫും ജോസ് കെ.മാണിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അത് ആയുധമാക്കുകയും ചെയ്തു.
അതില്‍ അതൃപ്തി തോന്നിയ ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ക്രൈസ്തവസഭകളുടെ പിന്തുണയും കേരളാ കോണ്‍ഗ്രസിനുണ്ടായിരുന്നു.