തരൂരിനെ ചൊല്ലി കോൺഗ്രസിൽ ചേരി തിരിഞ്ഞ് അടി; മുല്ലപ്പള്ളിയുടെ വിലക്ക് തള്ളി പരസ്യപോര്

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ വിഷയത്തിൽ ശശി തരൂരിനെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ചേരി തിരിഞ്ഞടി. തരൂരിനെതിരെ ചില നേതാക്കൾ പരസ്യമായി രംഗത്തു വന്നപ്പോൾ ചിലർ തരൂരിനെ പിന്തുണച്ചും രംഗത്തുവരുന്ന രസകരമായ കാഴ്ചയാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നത്.

കെ മുരളീധരൻ എംപിയാണ് തരൂരിനെതിരെ ആദ്യം രംഗത്തുവന്നത്. മുരളീധരന്റെ പാത പിടിച്ചുപറ്റി മറ്റുള്ളവരും രംഗത്തിറങ്ങി. തരൂർ വിശ്വപൗരനും തങ്ങളെല്ലാം സാധാരണ പൗരനും ആയതിനാൽ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരന്റെ വിമർശനം

തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ് ആണെന്നും രാഷ്ട്രീയ പക്വത ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയും വിമർശിച്ചു. പിന്നാലെയാണ് തരൂരിന് പിന്തുണയുമായി നിരവധി പേർ രംഗത്തിറങ്ങിയത്.

പിടി തോമസ് തരൂരിന് പരസ്യപിന്തുണ നൽകി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പരസ്യപ്രസ്താവനകൾ പാടില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിലക്ക് തള്ളിയാണ് പിടി തോമസിന്റെ പോസ്റ്റ്. തരൂരിനെ പോലെയുള്ളവരെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്ന് പിടി തോമസ് പറഞ്ഞു.

തരൂരിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാമെന്നും പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തുമ്പോൾ അദ്ദേഹത്തിന് വേണ്ടി സംസാരിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ശബരിനാഥൻ എംഎൽഎ പറഞ്ഞു. ടി സിദ്ധിഖും തരൂരിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.