രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: മത്സരക്രമവും പോയിന്റ് ഘടനയും ഐസിസി പുറത്തുവിട്ടു

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമവും പുതിയ പോയിന്റ് ഘടനയും ഐസിസി പുറത്തുവിട്ടു. ഏറെ വിമർശനങ്ങൾ കേട്ട കഴിഞ്ഞ തവണത്തെ പോയിന്റ് ഘടനയൊക്കെ പരിഷ്‌കരിച്ചാണ് ഇത്തവണ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്.

ഒരു ടെസ്റ്റ് വിജയിച്ചാൽ 12 പോയിന്റ് ലഭിക്കും. ടൈ ആയാൽ ആറ് പോയിന്റും സമനില ആയാൽ നാല് പോയിന്റും ലഭിക്കും. രണ്ട് ടെസ്റ്റുകളുടെ പരമ്പരക്ക് 24 പോയിന്റും മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്ക് 36 പോയിന്റും നാല് ടെസ്റ്റുകളുടെ പരമ്പരക്ക് 48 പോയിന്റും അഞ്ചെണ്ണത്തിന്റെ പരമ്പരക്ക് 60 പോയിന്റും ലഭിക്കും

ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് പോയിന്റ് ടേബിളിലെ സ്ഥാനം. ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമാകും. ഒമ്പത് ടീമുകൾ ആറ് പരമ്പര വീതം കളിക്കും. മൂന്ന് ഹോം പരമ്പരയും മൂന്ന് എവേ പരമ്പരയുമുണ്ടാകും. 2023 മാർച്ച് 31നാണ് അവസാന മത്സരം.