രണ്ടാം ദിനം വീണത് 15 വിക്കറ്റുകൾ; ബംഗളൂരു ടെസ്റ്റിൽ ശ്രീലങ്കക്ക് 447 റൺസ് വിജയലക്ഷ്യം

 

ബംഗളൂരു പിങ്ക് ബോൾ ടെസ്റ്റിൽ ശ്രീലങ്കക്ക് 447 റൺസിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 303ന് 9 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയിർ ചെയ്യുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 143 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. മൂന്ന് ദിവസവും ഒമ്പത് വിക്കറ്റും ബാക്കി നിൽക്കെ ലങ്കക്ക് ഇനി ജയിക്കാൻ 419 റൺസ് കൂടി വേണം.

ബാറ്റ്‌സ്മാൻമാരുടെ ശവപറമ്പായി മാറുകയാണ് ബംഗളൂരുവിലെ പിച്ച്. ഒന്നാം ദിനം വീണത് 16 വിക്കറ്റുകളായിരുന്നുവെങ്കിൽ രണ്ടാം ദിനം 15 വിക്കറ്റുകളാണ് ആകെ വീണത്. 6ന് 86 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ആരംഭിച്ചത്. 109 റൺസിന് അവർ ഓൾ ഔട്ടായി. തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 303 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകൾ വീണതോടെ ഡിക്ലയർ ചെയ്യുകയായിരുന്നു

അർധ സെഞ്ച്വറികൾ നേടിയ റിഷഭ് പന്തിന്റെയും ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ സ്‌കോർ 300 കടത്തിയത്. റിഷഭ് പന്ത് 31 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 50 റൺസ് എടുത്ത് പുറത്തായി. അയ്യർ 87 പന്തിൽ 67 റൺസിന് വീണു. 28 പന്തുകളിലാണ് പന്ത് അർധ സെഞ്ച്വറി തികച്ചത്. ടെസ്റ്റിൽ ഇന്ത്യയുടെ അതിവേഗ അർധ സെഞ്ച്വറിയാണിത്

ജഡേജ 22 റൺസും അശ്വിൻ 13 റൺസുമെടുത്തു. രോഹിത് 46 റൺസിനും മായങ്ക് 22 റൺസിനും വീണു. കോഹ്ലി ഒരിക്കൽ കൂടി പരാജയപ്പെട്ടു. 13 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. 10 റൺസുമായി കരുണ രത്‌നയും 16 റൺസുമായി കുശാൽ മെൻഡിസുമാണ് ക്രീസിൽ.