ജയിക്കാൻ ഇനിയും 381 റൺസ്, കയ്യിലുള്ളത് 9 വിക്കറ്റുകൾ; ചെന്നൈ ടെസ്റ്റിൽ അഞ്ചാം ദിനം ആവേശകരമാകും

ചെന്നൈയിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്. 420 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ വെച്ചത്.

അഞ്ചാം ദിനമായ നാളെ 381 റൺസ് കൂടി നേടാനായാൽ ഇന്ത്യക്ക് ജയം സ്വന്തമാക്കാം. അതേസമയം 9 വിക്കറ്റുകൾ കൂടി വീഴ്ത്തി ആദ്യ ജയം നേടാനാകും ഇംഗ്ലണ്ടിന്റെ ശ്രമം. മറിച്ച് ഇന്ത്യ നാളെ സമനിലയാണ് ലക്ഷ്യം വെക്കുന്നതെങ്കിലും മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.

15 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിലുള്ളത്. 12 റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായത്. ലീച്ചിന്റെ പന്തിൽ രോഹിത് ക്ലീൻ ബൗൾഡാകുകയായിരുന്നു. നാളെ ആദ്യ സെഷൻ വിക്കറ്റ് നഷ്ടമില്ലാതെ കൊണ്ടുപോകാനായാൽ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്.