സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഇന്ത്യക്ക് ജയം 309 റൺസ് അകലെ, രണ്ട് വിക്കറ്റ് വീണു

സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. അവസാന ദിനമായ നാളെ 309 റൺസ് കൂടി കൂട്ടിച്ചേർക്കാനായാൽ ഇന്ത്യക്ക് ജയം സ്വന്തമാക്കാം. അതേസമയം എട്ട് വിക്കറ്റ് കൂടി വീഴ്ത്തി പരമ്പരയിൽ മുന്നിലെത്താനാണ് ഓസീസിന്റെ ശ്രമം

നാലാം ദിനത്തിൽ ഓസീസ് 6ന് 312 റൺസ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 407 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്. ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓപണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ആദ്യ ഇന്നിംഗ്‌സിലേതു പോലെ ഇരുവരും അടുപ്പിച്ച് പുറത്തായത് ഇന്ത്യയെ സമ്മർദത്തിലേക്ക് തള്ളിയിട്ടു

രോഹിതും ശുഭ്മാൻ ഗില്ലും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഗിൽ 31 റൺസിന് പുറത്തായി. സ്‌കോർ 92ൽ നിൽക്കെ 52 റൺസെടുത്ത രോഹിതും പുറത്തായി. കളി നിർത്തുമ്പോൾ 9 റൺസുമായി പൂജാരയും നാല് റൺസുമായി രഹാനെയുമാണ് ക്രീസിൽ

നാളെ പിടിച്ചുനിന്ന് സമനിലയെങ്കിലും ആക്കാനാകും ഇന്ത്യ ശ്രമിക്കുക. അതേസമയം മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യക്ക് വെല്ലുവിളി. പൂജാരയും രഹാനെയും ചേർന്നുള്ള കുട്ടുക്കെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ