ഉത്തരാഖണ്ഡ് ദുരന്തം: 19 മൃതദേഹങ്ങൾ കണ്ടെടുത്തു; ഇനിയും കണ്ടെത്താനുള്ളത് നൂറിലധികം പേരെ

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ 19 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി പേർ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തിൽ നിന്നും ചെളി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്

തുരങ്കത്തിൽ വെള്ളവും ചെളിയും അടിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. വലിയ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചാണ് ഇവ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുന്നത്.

നൂറിലധികം പേർ ഒലിച്ചുപോയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടർ പറയുന്നത്. ലഭിച്ച മൃതദേഹങ്ങളിൽ പലതും ദുരന്തസ്ഥലത്ത് നിന്ന് ഏറെ ദൂരെയായാണ് ലഭിച്ചത്. ഇതിനാൽ തന്നെ വ്യാപകമായ തെരച്ചിൽ നടത്തേണ്ടി വരുമെന്ന് രക്ഷാപ്രവർത്തകർ പറയുന്നു

ആറ് ഗ്രാമങ്ങളാണ് പ്രളയത്തിൽ ഒറ്റപ്പെട്ടത്. അഞ്ച് പാലങ്ങൾ ഒലിച്ചുപോയി. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ദുരന്ത സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി.