മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 48 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ മുതൽ ഉച്ച വരെയുള്ള തെരച്ചിലിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇനി 22 പേരെ കൂടി കണ്ടെത്താനുണ്ട്
ഇന്ന് കണ്ടെത്തിയ അഞ്ച് മൃതദേഹങ്ങളിൽ 14 വയസ്സുള്ള വിനോദിനി, 12 വയസ്സുള്ള രാജലക്ഷ്മി, 32 വയസ്സുള്ള പ്രതീഷ്, 58കാരനായ വേലുത്തായി എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു
ഇന്നലെ വരെ 43 മൃതദേഹങ്ങളാണ് ദുരന്തസ്ഥലത്ത് നിന്ന് ലഭിച്ചത്. ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ പലതും ദുരന്തഭൂമിയിൽ നിന്ന് കിലോമീറ്ററുകൾ അപ്പുറത്ത് നിന്നാണ് ലഭിച്ചത്. കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലും പെട്ട് ഒഴുകിയെത്തിയതാണ് ഇവയെന്നാണ് നിഗമനം. പുഴയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.