പെട്ടിമുടി ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് മാത്രം 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. 16 കുട്ടികൾ ഉൾപ്പെടെ 27 പേരെ കൂടി ഇനി കണ്ടെത്തേണ്ടതുണ്ട്.
ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 57 അംഗ എൻഡിആർഎഫ് ടീമും ഫയർ ഫോഴ്സ് അംഗങ്ങളും 50 അംഗ പ്രത്യേക സന്നദ്ധ സേനയും കോട്ടയത്ത് നിന്നുള്ള 24 അംഗ ടീമും തിരുവനന്തപുരത്ത് നിന്നുള്ള 27 അംഗ ടീമുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും ദ്രുത കർമ സേനയുടെ 10 അംഗങ്ങളും സംഭവസ്ഥലത്തുണ്ട്
ആരോഗ്യവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം മണ്ണിനടിയിൽ നിന്ന് മുഴുവനാളുകളെയും പുറത്തെടുക്കുന്നത് ദുഷ്‌കരമായിരിക്കുമെന്നാണ് സൂചന. അപകടത്തിൽപ്പെട്ടവർ പെട്ടിമുടി പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയിക്കുന്നുണ്ട്